ഇന്ത്യയിലാദ്യമായി നവജാത ശിശുവിന് കുടൽ ദൈർഘ്യവർധന ശസ്ത്രക്രിയ

കൊച്ചി: അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും അസാധാരണമായ ചെറുത്ത് നിൽപുമായി കുഞ്ഞ് അമാന. പാലക്കാട് അഹല്യ ആശുപത്രിയിൽ നവജാത ശിശു കുടൽ ദൈർഘ്യവർധന ശസ്ത്രക്രിയക്ക് വിധേയയായി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നതെന്ന് അഹല്യ ആശുപത്രി അധികൃതർ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനിച്ച ഉടനെ പച്ചനിറത്തിലുള്ള ഛർദി ഉണ്ടായതോടെയാണ് നവജാത ശിശുവിനെ അഹല്യ ആശുപത്രിയിലെ എൻ ഐ സി യുവിലേക്ക് മാറ്റിയത്. ശിശുരോഗ ശസ്ത്രക്രിയ വിദഗ്ധനായ ഡോ.മുത്തുലിംഗത്തിന്റെ പരിശോധനയിലാണ് അത്യപൂർവവും ഗുരുതരവുമായ കുടൽ വൈകല്യം കണ്ടെത്തിയത്. കുഞ്ഞിന് അഞ്ച് മുതൽ ആറ് വരെ ചെറിയ കുടൽ ഭാഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ലഭ്യമായ കുടൽഭാഗങ്ങൾ പരമാവധി സംരക്ഷിച്ച് നടത്തിയ പുനർനിർമാണ ശസ്ത്രക്രിയക്ക് ശേഷവും കുടലിന്റെ നീളം 15 സെന്റിമീറ്റർ മാത്രമായിരുന്നു. സാധാരണ നവജാത ശിശുവിൽ ഇതിന്റെ നീളം 150-180 സെന്റിമീറ്റർ വരെയാണ്. ജനിച്ച് മാസത്തിനുള്ളിൽ തന്നെ കുഞ്ഞിന് വീണ്ടും രണ്ട് അടിയന്തിര ശസ്ത്രക്രിയകളും ആവശ്യമായി വന്നു. ശിശുരോഗ വിദഗ്ധരായ ഡോ. പത്മേഷ് വടക്കേപ്പാട്ട്, ഡോ.രത്നപ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് തുടർ ചികിത്സ നടത്തിയത്. ഇതിനിടെ കുഞ്ഞിന് ജീവന് ഭീഷണിയാകുന്ന അവസ്ഥയും ഉണ്ടായി.ചെറിയ അളവിലുള്ള പാൽ പോലും ഛർദിയോ വയറിളക്കമോ ഉണ്ടാക്കുന്ന അവസ്ഥയായിരുന്നു. ഭക്ഷണരീതികൾ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് കുഞ്ഞിന് സെൻട്രൽ വെനസ് കത്തീറ്റർ വഴി നൽകുന്ന ടോട്ടൽ പാരന്റെൽ ന്യുട്രീഷൻ ചികിത്സയെ പൂർണമായും ആശ്രയിക്കേണ്ടി വന്നു. 11 മാസക്കാലം കുഞ്ഞ് പ്രത്യേകം തയാറാക്കിയ ലാമിനാർ എയർ ഫ്ലോ ചേമ്പറിലാണ് കഴിഞ്ഞത്.
ചികിത്സ യാത്രയിലുടനീളം കുഞ്ഞ് അതിശയകരമായ പോരാട്ടവീര്യമാണ് പ്രകടിപ്പിച്ചതെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു.
കുഞ്ഞിന്റെ ചികിത്സയ്ക്കായി രാജ്യത്തെ പ്രമുഖ ശിശുരോഗ ശസ്ത്രക്രിയ കേന്ദ്രങ്ങളിലെ വിദഗ്ധരുടെ അഭിപ്രായവും തേടിയിരുന്നു. ഇന്ത്യയിൽ ചികിത്സ പരിമിതമായിരുന്നു. തുടർന്ന് കുടൽ ദൈർഘ്യവർധന ശാസ്ത്രക്രിയകളിൽ ആഗോളപ്രശസ്തരായ ദുബായിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ബാസം എ ഖലീൽ, ഖത്തറിൽ പ്രവർത്തിക്കുന്ന ഡോ.സലിം മമ്മു എന്നിവർ ഇന്ത്യയിലെത്തി ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. വിദേശ പൗരന്മാർ ആയതിനാൽ പ്രത്യേക അനുമതി നേടിയ ശേഷമാണ് ഇരുവരും ശസ്ത്രക്രിയക്ക് മേൽനോട്ടം വഹിച്ചത്.
കുഞ്ഞിന് 11 മാസം പ്രായമായപ്പോഴാണ് അഹല്യ വിമെൻ ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ 6 മണിക്കൂർ നീണ്ട സ്റ്റെപ് / മാസ്റ്റെപ് കുടൽ ദൈർഘ്യവർധന ശസ്ത്രക്രിയ നടത്തിയത്. ഡോ. ബാസം എ ഖലീൽ, ഡോ. സലിം മമ്മു, ഡോ. മുത്തുലിംഗം എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സാമ്പത്തിക ചെലവുകൾ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ നില തൃപ്തികരമാണെന്ന് ഡോ. പത്മേഷ് പറഞ്ഞു. മൂന്ന് മണിക്കൂർ ഇടവിട്ട് 120 മുതൽ 150 മില്ലി ലിറ്റർ പാൽ വരെ കുഞ്ഞ് ബുദ്ധിമുട്ടില്ലാതെ കുടിക്കുന്നുണ്ട്. ഖരഭക്ഷണവും നൽകാൻ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഡ്യുവോഡിനം ഉൾപ്പെടുത്തി സ്റ്റെപ്, മാസ്റ്റെപ് സാങ്കേതികവിദ്യയോടൊപ്പം വിജയകരമായി നടപ്പാക്കിയത് ചരിത്ര നേട്ടമാണെന്ന് ഡോ. പത്മേഷ് ചൂണ്ടിക്കാട്ടി.
അഹല്യ ആശുപത്രി ചീഫ് മെഡിക്കൽ ഡയറക്ടർ ഡോ.സുരേഷ് ബാബു, നവജാത ശിശുരോഗ വിഭാഗം മേധാവി ഡോ. പത്മേഷ് വടക്കേപ്പാട്ട്, ഖത്തറിലെ ശിശു ശസ്ത്രക്രിയ വിദഗ്ധൻ ഡോ. സലിം മമ്മു, അഡ്മിനിസ്ട്രേറ്റർ പ്രീത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Photo Courtesy - Google










